തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ധന ശുപാര്‍ശ ചെയ്ത വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് കൈമാറാന്‍ ലേബര്‍ കമ്മിഷണറുടെ തീരുമാനം. മാനേജ്മെന്‍റുകളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ഇതോടെ ശമ്പള വര്‍ധന നടപ്പാക്കി ഉത്തരവിറക്കാനുളള ചുമതല സര്‍ക്കാരിനാകും.
ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് 20000 രൂപ മുതല്‍ തുടങ്ങി സര്‍ക്കാര്‍ വേതനത്തിനു തുല്യമായ ശമ്പളം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറുന്നത്. ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടനുസരിച്ച് സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കും. ഇതിന്മേല്‍ പരാതികളോ തിരുത്തലുകളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കും. ഇവിടെയാണ് പ്രശ്നം, ഇന്നത്തെ വ്യവസായ ബന്ധ സമിതിയില്‍ ശമ്പള വര്‍ധനയില്‍ അടക്കം മാനേജ്മെന്‍റുകള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. കരട് വിജ്ഞാപനമിറങ്ങുന്നതോടെ ഇക്കാര്യങ്ങളിലടക്കം ഇവരുടെ പരാതികള്‍ കേള്‍ക്കേണ്ടി വരും.
ഇത് നീണ്ടുപോയാല്‍ അന്തിമ വിജ്ഞാപനം വൈകും.അങ്ങനെ വന്നാല്‍ മുന്‍കാല പ്രാബല്യമടക്കം നഷ്‌ടമാകുന്ന അവസ്ഥ ഉണ്ടാകും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിന് കൈമാറാനുള്ള ലേബര്‍ കമ്മിഷണറുടെ തീരുമാനത്തെ നഴ്‌സുമാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. അതേസമയം, വിജ്‍ഞാപനമിറക്കാന്‍ വൈകുകയോ മുന്‍കാല പ്രാബല്യം നഷ്‌ടമാകുന്ന അവസ്ഥ ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയില്‍ നിലപാട് കടുപ്പിക്കാനും നഴ്‌സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
