തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ മിനിമം വേജസ് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഈമാസം 28 ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ കക്ഷി ചേരാനുള്ള യുഎന്‍എയുടെ അപേക്ഷകൂടി പരിഗണിച്ച കോടതി കേസില്‍ അന്തിമ വിധി 27 ന് പ്രഖ്യാപിക്കാനായി മാറ്റിവച്ചു. നേഴ്‌സുമാരുടെ ശമ്പളം 20,000 രൂപ അടിസ്ഥാന വേതനമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ജൂലൈ 20 ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ വൈകിയതോടെ സ്വകാര്യ ആശുപത്രി മേഖലയില്‍ വീണ്ടും പ്രക്ഷോഭാന്തരീക്ഷമുണ്ടായിരുന്നു. 

സിപിഐ അംഗം അഡ്വ.കെ.രാജന്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി നേഴ്‌സുമാരുടെ വിഷയം ഉന്നയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെയും സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ആവശ്യകതകള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രമേയം. 20,000 എന്ന പ്രഖ്യാപിത ശമ്പള സ്‌കെയിലില്‍ നിന്ന് പിറകോട്ട് പോകാതെ അടിയന്തിരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കെ രാജന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം അടിസ്ഥാനമാക്കി തന്നെ സ്വകാര്യ മേഖലയിലെ ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ മറുപടി നല്‍കി. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. 

ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയില്‍ നേഴ്‌സുമാര്‍ ഏഴ് മാസത്തോളമായി തുടരുന്ന സമരവും സഭയില്‍ ചര്‍ച്ചയായി. രണ്ട് മൂന്ന് തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വീണ്ടും ഇടപെടുമെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അഡ്വ.കെ രാജന് മറുപടി നല്‍കി.

അതിനിടെ, മാര്‍ച്ച് 31 നകം നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നതിനെതിരെയുള്ള കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചു. നേരത്തെ നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത് താല്ക്കാലികമായി തടഞ്ഞ ബഞ്ചില്‍ നിന്ന് മാറ്റിയ കേസ്, ജസ്റ്റിസ് മുഷ്താഖ് അഹമ്മദാണ് ഇന്ന് പരിഗണിച്ചത്. കേസില്‍ കക്ഷിചേരണമെന്ന യുഎന്‍എയുടെ അപേക്ഷ പരിഗണിച്ച കോടതി വിശദമായി വാദം കേട്ടു. ഹൈക്കോടതി തന്നെ ഇടപെട്ട് നടത്തുന്ന മധ്യസ്ഥ ശ്രമത്തിനിടെ അതിലെ ഒരു കക്ഷി തന്നെ സര്‍ക്കാര്‍ നടപടി തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജി നല്‍കിയതിനെ യുഎന്‍എ ചോദ്യം ചെയ്തു. ശമ്പള പരിഷ്‌കരണ നടപടികള്‍ ഈ മാസം 28 ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദമാക്കി. വാദം കേട്ട കോടതി അന്തിമ വിധി പറയാന്‍ 27 ന് ഉച്ചക്ക് 1.30 ലേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു.