ചേര്‍ത്തല: കെവിഎം ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ പിരിച്ചുവിടാനാകില്ലെന്ന് ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്. തൊഴില്‍ വകുപ്പ് മധ്യസ്ഥത വഹിച്ച് പ്രശ്നം തീര്‍ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ്ജില‍് പ്രതിഷേധിച്ച് കരിദിനമാചരിച്ച നേഴ്സുമാര്‍ സമരം കൂടുതല്‍ ശക്തമാക്കി.
176 ദിവസമായി സമരം ചെയ്യുന്ന നേഴ്സുമാരെ പിന്തുണച്ച് ധനമന്ത്രി ടിഎം തോമസ്ഐസക്. നഴ്സുമാരുടെ സമരം ഉടന്‍ പരിഹരിക്കേണ്ടതാണെന്നും തൊഴില്‍ വകുപ്പ് ഇടപെടുന്നുണ്ടെന്നും തോമസ്ഐസക് പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ കരിദിനമാചരിച്ചു. കറുത്ത ബാഡ്ജുകള്‍ ധരിച്ചാണ് നഴ്സുമാര്‍ ജോലിക്കെത്തിയത്. കെവിഎം ആശുപത്രിയുടെ മുന്നില്‍ യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച സമരക്കാര്‍ വീണ്ടും സമരപ്പന്തലില്‍ സജീവമായി.
വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കുന്ന നേഴ്സുമാര്‍ ചേര്‍ത്തലയിലെത്തി സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം..
