ദില്ലി: ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ അഞ്ച് നഴ്‌സുമാരെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെയാണ് നഴ്‌സുമാര്‍ ഏഴ് ദിവസമായി തുടര്‍ന്ന സമരത്തില്‍ നിന്ന് പിന്‍മാറിയത്. 

എന്നാല്‍ ആശുപത്രിയിലെ തൊഴില്‍ പീഡനത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പരാതി നല്‍കിയതിന് പുറത്താക്കിയ മലയാളി നഴ്‌സായ ജീനയെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മാനേജ്‌മെന്റിനെതിരെ ജീന പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാതെ തിരിച്ചെടുക്കില്ലെന്നാണ് നിലപാട്.

ജീനയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. നഴ്‌സുമാരുടെ ഗ്രേഡ് ഉയര്‍ത്തി ശമ്പള വര്‍ദ്ധനവ് വരുത്താമെന്നും മാനേജ്‌മെന്റും നഴ്‌സിങ് പ്രതിനിധികളും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.