കോട്ടയം: ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

ഒരു മാസത്തിലധികമായി ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടേറ്റില്‍ നിന്നും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ജാസ്മിന്‍ ഷായുടെ നേതൃത്തില്‍ നടന്ന സമരം തിരുനക്കര വച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ ഭാരത് ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ റോഡ് ഉപരോധിച്ച് സമരം തുടങ്ങി. ഇവരെ അറസ്റ്റ് ചെയ്ത നീക്കുന്നതിനിടെയാണ് സംഘ‌ര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പരിക്കേറ്റ നഴ്‌സുമാരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലാക്കി. സമാധാനമായി അറസ്റ്റ് വരിക്കാന്‍ തയ്യാറാവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് യു.എന്‍.എ ആരോപിച്ചു.