കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  നഴ്‌സുമാരുടെ പ്രതിഷേധ സമരം. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സമരം.

രണ്ട് ദിവസം കൂട്ട അവധിയെടുത്താണ് മെഡിസിറ്റി ആശുപത്രിയില്‍ നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. അര്‍ഹമായ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരെ കളിയാക്കുന്ന സമീപനമാണ് മേനേജ്മെന്റ് സ്വീകരിച്ചതെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനം നല്‍കാന്‍ പോലും മാനേജ്മെന്‍റ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ചികിത്സയിലുള്ള രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഏതാനും പേര്‍ ജോലിക്ക് കയറി. സൂചന സമരത്തിന് ശേഷവും ഒത്തുതീര്‍പ്പിന് മാനേജ്മെന്‍റ് തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.