കണ്ണൂര്‍: നഴ്‌സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര്‍ കലക്ടറുടെ ശ്രമം പാളി. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല. കണ്ണൂര്‍ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകണമെന്ന ഉത്തരവിനെതിരെ ക്ലാസില്‍ കയറാതെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്‌സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്‍ഥികളാണ് ഇവിടുന്ന് പോകേണ്ടത്.ഇതിനിടെ, പിരിഞ്ഞുപോയ നഴ്‌സുമാരെ ആശുപത്രിയിലെത്തിച്ച് പ്രവര്‍ത്തനം തുടരാനും മാനേജ്മെന്റുകള്‍ ശ്രമം തുടങ്ങി.

നേരിട്ട് രോഗികളെ പരിചരിക്കാതെ, പരിചയ സമ്പന്നരുടെ മേല്‍നോട്ടത്തില്‍ സഹായത്തിനായാണ് നഴ്‌സിംഗ് വിദ്യാര്‍ഥികളെ നിയോഗിക്കുകയെന്ന് കണ്ണൂര്‍ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇവരെ തടയില്ലെന്ന് വ്യക്തമാക്കിയ ഐ.എന്‍.എ ജനകീയ മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്.