കൊട്ടാരക്കര: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ പത്തനാപുരം പട്ടാഴി സ്വദേശി സുപ്രിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു അദ്ധ്യാപകരെ സസ്‌പെന്‍ഡ് ചെയ്‌തു. ക്ലിനിക്കല്‍ പരിശീലനത്തിന് പോകാത്ത പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കുമെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെയായിരുന്നു അധ്യാപകരുടെ നടപടി. ഈ സാഹചര്യത്തിലാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കെതിരെ പത്തനാപുരം പൊലീസ് മാനസിക പീഡനത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പത്തനാപുരം പട്ടായി വടക്കേക്കര സ്വദേശി സുപ്രിയയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കോളേജില്‍ നിന്നും മടങ്ങി എത്തിയ സുപ്രിയ അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സുപ്രിയയുടെ വീട്ടുകാര്‍ പറയുന്നത് ഇങ്ങിനെ, കോളേജ് പ്രിന്‍സിപ്പലിന്റെ ചില നടപടികളെ പി ടി എ യോഗത്തില്‍ സുപ്രിയയുടെ അച്ഛന്‍ സുശീലന്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലും മറ്റു നാലു അധ്യാപകരും ചേര്‍ന്ന് പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്താനാപുരം പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടില്‍ നിന്നും മൊഴി എടുത്തു.
