തിരുവനന്തപുരം: പശുക്കളെ കൊല്ലാതെ സംരക്ഷിക്കാന്‍ ആശ്രമങ്ങളില്‍ എല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ഒ.രാജഗോപാല്‍ എംഎല്‍എ. രാജഗോപാല്‍ തന്നെ പശുക്കളെ മുഴുവന്‍ വളര്‍ത്തുന്നതായിരിക്കും അതിലും നല്ലതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ലോക ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബീഫില്‍ ഇരുവരും പോരടിച്ചത്.
കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര നിലപാടിന് ഒ. രാജഗോപാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഗോസംരക്ഷണത്തിന്റെ പ്രധാന്യം പറഞ്ഞ് തുടങ്ങിയ രാജഗോപാല്‍ പ്രായമായ പശുക്കളെ സംരിക്കാനുള്ളൊരു പദ്ധതിയും മുന്നോട്ട് വച്ചു.
കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഭീതിയിലാണെന്ന് പറഞ്ഞ് കടകംപള്ളി രാജഗോപാലിനെതിരെ രംഗത്തെത്തി. രാജഗോപാലിന്റെ കന്നുകാലി സംരക്ഷണ പദ്ധതിയെയും മന്ത്രി പരിഹസിച്ചു.
എന്നാല്‍ ബീഫ് പോരില്‍ പരിപാടിയുടെ ഉദ്ഘാടകനായ ഗവര്‍ണ്ണര്‍ കക്ഷിചേര്‍ന്നില്ല. പക്ഷെ പശുവളര്‍ത്തലിന്റെ പ്രധാന്യം ജസ്റ്റിസ് സദാശിവം ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, വേദിയില്‍ വച്ച് മന്ത്രി കെ. രാജു നല്‍കിയ ഓഫറും അദ്ദേഹം സ്വീകരിച്ചു. ഗവര്‍ണര്‍ക്ക് ഒരു പശുക്കുട്ടിയെ നല്‍കാമെന്നാണ് മന്ത്രി കെ രാജു വാഗ്ദാനം ചെയ്തത്.
