തിരുവനന്തപുരം: ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.കേരളത്തിന്‍റെ തീരപ്രദേശങ്ങളെ ഉലച്ചുകളഞ്ഞ ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെന്തിനാണ് ഈ നിയമസഭയെന്ന് സഭ ബഹിഷ്കരിച്ചു പുറത്തുവന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. 

അതേസമയം ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് ഒരു മുന്നറിയിപ്പും സംസ്ഥാനസര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിലും സാധ്യമായ രീതിയിലെല്ലാം സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റിന്‍റെ രക്ഷാപ്രവര്‍ത്തനം കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഒരുഘട്ടത്തിലും കേന്ദ്രത്തില്‍ നല്‍കിയില്ല. മുന്നറിയിപ്പ് കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍സാധിക്കൂ. ദുരന്തമുണ്ടായ ശേഷം ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ല - മുഖ്യമന്ത്രി വ്യക്തമാക്കി. 

എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളിയ പ്രതിപക്ഷം വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ആവര്‍ത്തിച്ചു. അടിയന്തരഘട്ടത്തില്‍ മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും, എന്നാല്‍ അതിനുള്ള പണം ദുരിതാശ്വാസനിധിയില്‍ നിന്നും എടുത്ത് ഉപയോഗിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

എല്ലാവരേയും ഒപ്പം നിര്‍ത്തിയുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഒരു ദുരന്തത്തെ നേരിട്ടുന്പോള്‍ രാഷ്ട്രീയം നോക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നോട്ടീസ് നല്‍കിയപ്പോള്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്താനിരിക്കേ പ്രതിപക്ഷം സമാനവിഷയത്തില്‍ നോട്ടീസ് നല്‍കിയതാണ് സ്പീക്കറുടെ വിമര്‍ശനത്തിന് കാരണമായത്.കോവളം എംഎല്‍എ വിന്‍സന്‍റാണ് പ്രതിപക്ഷത്ത് നിന്ന് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തുകയും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ ഓഖി വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാഞ്ഞ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.