കൊച്ചി: കേരളത്തിലേയും തമിഴ്‌നാട്ടിലേയും തീരപ്രദേശങ്ങളില്‍ വന്‍നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായി സൂചന. കേരളതീരത്തു നിന്നും 200 കി.മീ അകലെയെത്തി കഴിഞ്ഞ ഓഖി ഇപ്പോള്‍ ലക്ഷദ്വീപിലേക്ക് നീങ്ങുകയാണ്.

ഓഖിയുടെ വരവിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച ഉച്ചയോടെ ആരംഭിച്ച കനത്ത കാറ്റും പേമാരിയും ഈ മണിക്കൂറുകളിലും ദ്വീപില്‍ തുടരുകയാണ്. അറബിക്കടലിലൂടെ കേരളതീരം കടന്നു വരുന്ന ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയോടെ അല്‍പസമയത്തിനുള്ളില്‍ കവരത്തി ദ്വീപിനടുത്തേക്കെത്തും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 

36 ദ്വീപുകള്‍ ഉള്ള ലക്ഷദ്വീപില്‍ 11 എണ്ണത്തിലാണ് മനുഷ്യവാസമുള്ളത്. ഇതില്‍ കേരളത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മിനിക്കോയി ദ്വീപിലും കല്‍പേനി, കവരത്തി എന്നീ ദ്വീപുകളിലുമാണ് ഓഖി ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിലദ്വീപുകളില്‍ കടല്‍ കയറിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

മിനിക്കോയിയില്‍ അഞ്ച് ബോട്ടുകള്‍ കടല്‍ക്ഷോഭത്തില്‍ ഒലിച്ചു പോയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഇരുന്നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് ലക്ഷദ്വീപ് എംപി. എംബി ഫൈസല്‍ പറയുന്നത്. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകിയതോടെ പലദ്വീപുകളിലും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. 

കവരത്തി ദ്വീപില്‍ കനത്ത മഴയെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണപ്പോള്‍