ദോഹ: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 33 രാജ്യങ്ങളിൽ നിന്ന് ഖത്തറും ഒമാനും സംയുക്ത വിസ അനുവദിക്കും. ഒരു വിസയിൽ ഇരു രാജ്യങ്ങളും സന്ദർശിക്കുന്നതിന് ഒരു മാസം കാലാവധിയുള്ള സന്ദർശക വിസകളാണ് അനുവദിക്കുക.അതേ സമയം ഇന്ത്യക്കാർക്ക് ഇതു ബാധകമായിരിക്കില്ല. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
മുഴുവൻ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളെയും ഉൾപെടുത്തിക്കൊണ്ട് ഏകീകൃത സന്ദർശക വിസ അനുവദിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യ ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംയുക്ത വിസകൾ അനുവദിക്കുന്നത് ഖത്തറിന്റെയും ഒമാൻറെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതനുസരിച്ച് ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് സ്പോൺസറിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ ഖത്തർ എയർവേയ്‌സ് വഴിയോ വിസ സംഘടിപ്പിക്കാം.
ഈ വിസ ഉപയോഗിച്ച് ഖത്തറിന് പുറമെ ഒമാനും സന്ദർശിക്കാൻ കഴിയും. യാത്ര തുടങ്ങുന്നതിനു മുമ്പായി ഓൺലൈൻ വഴിയും വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.എന്നാൽ വിസാ നിരക്ക്, കാലാവധി പുതുക്കുന്നതിനുള്ള നിരക്ക്, അധിക താമസത്തിനുള്ള പിഴ സംഖ്യ തുടങ്ങിയ കാര്യങ്ങൾ മറ്റ് സന്ദർശക വിസകളുടേതിന് തുല്യമായിരിക്കും. അതേസമയം,ഇന്ത്യ,പാക്കിസ്ഥാൻ,ശ്രീലങ്ക,നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
