അൽപകാലം എഴുത്തും വായനയും എല്ലാമായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥാനം ഒഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ അടിസ്ഥാന മൂല്യങ്ങൾ പണയപ്പെടുന്ന ഘട്ടത്തിൽ പൊതുമണ്ഡലത്തിൽ തിരിച്ചെത്തുമെന്ന് ഒബാമ തന്റെ അവസാന പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രതീക്ഷകളും ആശങ്കകളും ഒരു പോലെ പങ്കുവെച്ചുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലെ ബരാക് ഒബാമയുടെ അവസാന വാർത്താ സമ്മേളനം. അമേരിക്കയുടെ റഷ്യ,ക്യൂബ ബന്ധങ്ങൾ പലസ്തീൻ^ഇസ്രയേൽ സംഘർഷത്തിന്റെ ആശങ്ക എന്നിവയ്ക്കൊപ്പം അമേരിക്കയിലെ വർണ്ണ വെറിയും, ഭിന്നലൈഗികതാ സംവാദവും എല്ലാം പരാമർശിച്ചുള്ള പ്രസംഗം. പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് സ്വന്തം മൂല്യങ്ങളുമായി മുന്നോട്ടുപോവുക എന്നതാണ് ഔചിത്യം. എന്നാൽ മന്ത്രിമാരടക്കമുള്ള ടീമിനെ തെരഞ്ഞെടുക്കുന്പോൾ കരുതൽ വേണമെന്ന് ഒബാമ ഓർമ്മിപ്പിച്ചു.

ട്രംപിന്റെ സ്ഥാനാരോഹണത്തിന് താനുണ്ടാവുമെന്നും ഒബാമ വ്യക്തമാക്കി.

വിക്കിലീക്സിന് നയതന്ത്രരേഖകൾ ചോർത്തിക്കൊടുത്ത ചെൽസീ മാനീംഗിന്റെ ശിക്ഷ വെട്ടിച്ചുരുക്കിയ നടപടിയേയും പ്രസംഗത്തിൽ ഒബാമ ന്യായീകരിച്ചു.

തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച് പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാണ് താത്പര്യമെന്നും ഒബാമ സൂചന നൽകി. എന്നാൽ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്പോൾ തന്റെ ശബ്‍ദം ഉയരുമെന്നും ഒബാമ ജനങ്ങൾക്ക് ഉറപ്പ് നൽകി.

യാത്ര പറയുമ്പോൾ ഒരിക്കൽ കൂടി ഒബാമ പറഞ്ഞു ജനങ്ങളിൽ നെറികേടിനേക്കാൾ കൂടുതൽ നന്മയുണ്ട്. എല്ലാം ശരിയാകും.