ന്യൂഡല്‍ഹി: ഇന്ത്യയെ മതപരമായി വിഭജിക്കാന്‍ അവസരം കൊടുക്കരുതെന്ന് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രഹസ്യസംഭാഷണത്തിനിടെ പറഞ്ഞിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഡല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇന്ത്യയിലെ മുസ്ലീം ജനത ഇന്ത്യക്കാരായാണ്, ഇന്ത്യയുടെ ഭാഗമായാണ് സ്വയം വിശേഷിപ്പിക്കുന്നതും വിശ്വസിക്കുന്നതും എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളുടെ അവസ്ഥ അതല്ല - ഒബാമ പറയുന്നു. 

ഒരു രാജ്യം ഒരിക്കലും മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടാന്‍ പാടില്ല അക്കാര്യം ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഞാന്‍ മോദിയോട് പറഞ്ഞിരുന്നു, ഇക്കാര്യം അമേരിക്കയിലെ ജനങ്ങളോടും ഞാന്‍ പറയാറുള്ളതാണ്. ഒന്നിച്ചു നില്‍ക്കുന്നതില്ലേറെ ഭിന്നിച്ചു നില്‍ക്കുവാന്‍ എന്തെങ്കിലുമോണ്ടെയെന്നാണ് എപ്പോഴും ആളുകള്‍ നോക്കുക... ഒബാമ ചൂണ്ടിക്കാട്ടി.

ഒബാമയുടെ ഉപദേശത്തിന് മോദി എന്ത് മറുപടി നല്‍കിയെന്ന സദസ്സിന്റെ ചോദ്യത്തിന് മോദിയുമായുള്ള രഹസ്യസംഭാഷണം വെളിപ്പെടുത്താനല്ല താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നായിരുന്നു ഒബാമയുടെ മറുപടി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യക്കാരായാണ് സ്വയം വിശ്വസിക്കുന്നതും ജീവിക്കുന്നതും രാജ്യത്തെ ഭൂരിപക്ഷ സമുദായവും സര്‍ക്കാരും അത് സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം - ഒബാമ ചൂണ്ടിക്കാട്ടി.