വാഷിംഗ്ടണ്‍: ഡോണാൾഡ് ട്രംപിന് രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപിനുളള പിന്തുണ ഔദ്യോഗികമായി പിൻവലിക്കണമെന്ന് ഒബാമ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ആൾ പ്രസിഡന്റാകാൻ എന്നല്ല സൂപ്പർമാർക്കറ്റിൽ ജോലി കിട്ടാൻ പോലും അർഹനല്ലെന്ന് ഒബാമ പരിഹസിച്ചു.

നോർത്ത് കരോലിനയിൽ ഹിലരിക്കായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ട്രംപിനെ ഒബാമ അധിക്ഷേപിച്ചത്. ട്രംപ് പറഞ്ഞത് തെറ്റാണെന്ന് പറയാൻ ആരുടേയും ഭർത്താവോ അച്ഛനോ ആകേണ്ടതില്ല. ഒരു നല്ല മനുഷ്യൻ ആയിരുന്നാൽ മതി. ട്രംപിന് ഇതിനെല്ലാം ബാലറ്റിലൂടെ മറുപടി നൽകണമെന്നും
ഒബാമ ആവശ്യപ്പെട്ടു. ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് ഒബാമയുടെ പ്രതികരണം.

മുതിർന്ന പല റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും ട്രംപിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതേ പാത മറ്റ് പ്രതിനിധികളും പിന്തുടരണമന്ന് ഒബാമ പറഞ്ഞു. തെര‍ഞ്ഞെടുപ്പിൽ ഹിലരിക്ക് ലീഡ് രേഖപ്പെടുത്തി പുതിയ അഭിപ്രായ സർവ്വേകൾ പുറത്തു വന്നതിനു പിന്നാലെയാണ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമയും രംഗത്തെത്തിയത്.