തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും കനത്തനാശം വിതക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ നാലുപേര്‍ മരിച്ചു. കന്യാകുമാരിയിലും നാലുപേര്‍ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് വീശുമെന്നതിനാൽ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.
ഓഖി കലിയുടെ ഭീതിയിലാണ് കേരളവും തമിഴ്നാടും. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് ഇതുവരെ വിതച്ചത് കനത്ത നാശനഷ്ടം. കന്യാകുമാരിയിലും നാഗര്‍കോവിലിലും കേരളത്തിലെ വിവധ പ്രദേശങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി. വീടുകള്‍ നശിച്ചു. കൊട്ടാരക്കര കുളത്തൂപ്പുഴയ്ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. കാട്ടാക്കടയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. കിള്ളി അരുമ്പോട് സ്വദേശി അപ്പുനാടാര്‍ , ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. അല്‍ഫോണ്‍സാമ്മയാണ് മരിച്ചത്. ഇതോടെ കനത്ത് മഴയിലും കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി
അടുത്ത 12 മണിക്കൂർ ഓഖിയുടെ നീക്കം ഏറെ നിർണ്ണായകമാണ്. വിഴിഞ്ഞം, പൂന്തുറ ഭാഗത്തുനിന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയുടെ സഹായവും തേടി. മുഖ്യമന്ത്രി അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. തീരദേശങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
