കോഴിക്കാട്: ഓഖിയില്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങളിലേറെയും തിരിച്ചറിയാനാകാത്തത് തീരങ്ങളിലെ ആശങ്കയേറ്റുകയാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രി മോര്‍ച്ചറികളിലായി 48 മൃതദേഹങ്ങളാണ് അവകാശികളെ അറിയാതെ അനാഥമായി കിടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന 19 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും മലപ്പുറത്ത് നാലും കൊല്ലത്ത് തൃശൂരിലും രണ്ടും വീതം മൃതദേഹങ്ങള്‍ ഇതേപോലെ തിരിച്ചറിയാനുണ്ട്.
തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടക്കുന്നത് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലാണ്. മൃതദേഹം കിട്ടിയാല്‍ ഉടന്‍ തന്നെ ഡിഎന്‍എ ശേഖരിച്ച് അയക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കിട്ടാന്‍ മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ സമയമെടുക്കുന്നുണ്ട്.
അതേസമയം കടലില്‍ നിന്നും ദിവസവും മൃതദേഹങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇത്രയേറെ മൃതദേഹങ്ങള്‍ എവിടെ സൂക്ഷിക്കും എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഒരേസമയം 36 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാം. അതിലേറെ മൃതദേഹങ്ങള്‍ ലഭിച്ചാല്‍ അവ ജില്ലയില്‍ തന്നെയുള്ള കൊയിലാണ്ടി,വടകര,താമരശ്ശേരി താലൂക്ക് ആശുപത്രികളിലും ബീച്ച് ജനറല്‍ ആശുപത്രിയിലും സൂക്ഷിക്കാനുള്ള ബദല്‍ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശ്രീചിത്രയിലും ജനറല്‍ ആശുപത്രിയിലുമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.ആവശ്യം വന്നാല്‍ മോര്‍ച്ചറി സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളുടേയും സ്വകാര്യ ആശുപത്രികളുടേയും സൗകര്യം തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
