കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖിയില്‍ മരിച്ചവരുടെ എണ്ണം 54 ആയി.
കഴിഞ്ഞ ദിവസം കോഴിക്കോട് തീരത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. താനൂരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത്. കരയിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
അതേസമയം ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയാക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തിലെ നിര്‍ദ്ദേശം ഇന്നത്തെ മന്ത്രി സഭായോഗം പരിഗണിക്കാന്‍ സാധ്യത. നിലവിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സഭായോഗം വിലയിരുത്തും. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കാനുള്ള നടപടികളും ആലോചിക്കും.
ഓഖി സഹായത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പൊതുജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യപാകരുടെയും പെന്‍ഷന്‍ പ്രായം 58 വയസ്സാക്കണമെന്ന് ശുപാര്‍ശയുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കാന്‍ സാധ്യതയില്ല.
