തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിവാദങ്ങള്‍ക്കും മുതലെടുപ്പിനുമുള്ള സമയമല്ല ഇതെന്ന് ഓര്‍മിപ്പിച്ചത്. വലിയൊരു അപകട സാഹചര്യത്തെ നേരിടുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന സർക്കാരും നമ്മുടെ നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡുമെല്ലാം ഒത്തൊരുമിച്ചാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വലിയൊരു അപകട സാഹചര്യത്തെ നേരിടുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന സർക്കാരും നമ്മുടെ നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡുമെല്ലാം ഒത്തൊരുമിച്ചാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നത്. രണ്ട് ദിവസമായി തീരമേഖലയിലാണ് ഞാനും. മത്സ്യത്തൊഴിലാളികളെ കാണാതായ വിവരമറിഞ്ഞ ഉടൻ അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ മേഖലകളിലെല്ലാം പോയി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു സമാധാനിപ്പിക്കുക മാത്രമല്ല രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
ഈ പകൽ മുഴുവൻ തീരദേശത്തും എയർപോർട്ട് ടെക്നിക്കൽ ഏരിയയിലെ കൺട്രോൾ റൂമിലുമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഹെലികോപ്ടറിൽ ഉൾക്കടലിലേക്ക് പോകുകയും ആ സമയത്ത് ആറ് പേരെ ഞങ്ങൾ സഞ്ചരിച്ച ഹെലികോപ്ടറിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. രാത്രി 7.30 വരെ കൺട്രോൾ റൂമിൽ ഇരുന്ന് ദുരന്ത നിവാരണ പ്രവർത്തനം വിലയിരുത്തി. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇത്രയും പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷിക്കാനായത് നിസാരമല്ല. വിവാദങ്ങൾക്കോ മുതലെടുപ്പിനോ ഉള്ള സമയമല്ല. ഇത് നമ്മുടെയാകെ പ്രശ്നമാണ് എന്ന ചിന്തയോടെ ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്കൊപ്പം നിൽക്കാം.
