തിരുവനന്തപുരം: 'ഓഖി'യുടെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി. ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിക്കാനാണ് പദ്ധതി. തിരുവനന്തപുരത്ത് വച്ച് പ്രധാനമന്ത്രിക്ക് മുന്‍പാകെ ഇത് അവതരിപ്പിക്കും. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രസന്റേഷന്‍ തയ്യാറാക്കുന്നത്.

അതേസമയം ഓഖിയില്‍ കാണാതായത് 300 പേരെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക് പുറത്തുവന്നു. തിരുവനന്തപുരത്ത് നിന്ന് മാത്രം 255 പേരെ ഇനിയും കണ്ടെത്താനുണ്ട്. കൊല്ലത്തു നിന്നും കൊച്ചിയില്‍ നിന്നും പോയ 45 പേരെയും കണ്ടെത്താനുണ്ട്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങളെന്നും കണക്ക്. 

തിരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. അതിനിടെ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് അഭ്യര്‍ഥിച്ചു.