തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായവരെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം. നെയ്യാറ്റിന്‍കരയില്‍ കന്യാകുമാരി ദേശീയപാത ഉപരോധിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പൊഴിയൂര്‍, പരുത്തിയൂര്‍ എന്നിവിടങ്ങളിലെ തീരദേശവാസികളാണ് ഉപരോധം നടത്തുന്നത്. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തു. പൊഴിയൂര്‍, പരുത്തിയൂര്‍ മേഖലകളില്‍ നിന്ന് 46 മത്സ്യത്തൊഴിലാളികളാണ് കടലില്‍ പോയിരിക്കുന്നത്. എന്നാല്‍, ഓഖിയുണ്ടായി ഒന്‍പത് ദിവസം പിന്നിട്ടിട്ടും ഈ 46 പേരെ കുറിച്ചും യാതൊരു വിവരവും ലഭിക്കാത്തതാണ് തീരദേശ വാസികളെ പ്രതിഷേധ നടപടികളിലേക്ക് എത്തിച്ചത്. ജില്ലയില്‍ നിന്ന് 280 ഓളം പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് ലത്തീന്‍ രൂപത നല്‍കുന്ന വിവരം.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള നേവി, കോസ്റ്റ്ഗാര്‍ഡ് സംഘങ്ങളുടെ തെരച്ചില്‍ പത്താം ദിവസവും തുടരുകയാണ്. ലക്ഷദ്വീപില്‍ നിന്നും മലയാളികളടക്കം അമ്പതോളം പേരുമായി എംവി കവരത്തി എന്ന കപ്പല്‍ കൊച്ചിയിലെത്തി. രണ്ട് മലയാളികയും 45 തമിഴ്നാട്ടുകാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. വിഴിഞ്ഞം സ്വദേശി സച്ചിന്‍ ജോസഫ്, അഞ്ചുതെങ്ങ് സ്വദേശി സെന്‍ട്ടണ്‍ ആരോഗ്യദാസ് എന്നിവരാണ് തിരിച്ചെത്തിയത്.