തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഇരുപതിനായിരം രൂപ വീതം സഹായം നൽകും. ഇതുവരെ 393 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലക്ഷദ്വീപിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം വിടുമെന്നാണ് നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിനി മിനിക്കോയ് ദ്വീപുകളുടെ ഇടയ്ക്ക് 200 കിലോമീറ്റർ മാറിയാണ് നിലവിൽ ചുഴലിക്കാറ്റ് നിലകൊണ്ടിട്ടുള്ളത്. എന്നാൽ കൂറ്റൻ തിരമാലകളും മഴയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ കവരത്തിയുടെ അടുത്തായി അൽ നൂർ എന്ന നാടൻ ഉരു കപ്പൽ തീരത്തേയ്ക്കടുക്കുവാൻ സാധിക്കാതെ ചരക്കുകളോടെ മുങ്ങി. ഉരുവിലുള്ള മുഴുവൻ ജീവനക്കാരെയും, പ്രദേശത്തുണ്ടായിരുന്ന കൊടിത്തല ബാർജിലെ ജീവനക്കാർ അതിസാഹസികമായാണ് രക്ഷപെടുത്തിയത്.

സംസ്ഥാനത്ത് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നാവിക, വ്യോമസേനകളുടെ സംയുക്ത തിരച്ചിലിൽ ഇന്ന് 7 പേരെ കൂടി രക്ഷപ്പെടുത്തി. വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയ ജോൺസണെ 32 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് രക്ഷപ്പെടുത്തിയത്. ജോൺസണിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് സംഘം അറിയിച്ചു.

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയുടെ ശക്തികുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഇതുവരെ 8 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക കണക്ക്. എട്ടുപേർ മരിച്ചു. 529 കുടുംബങ്ങളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്

