തിരുവനന്തപുരം: ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് നഷ്ടമായതെന്ന് കരുതുന്ന രണ്ടു ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ കടലില്‍ നിന്ന് കരയ്‌ക്കെത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമര്‍ കടലില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഒഴുകി നടക്കുന്ന നിലയില്‍ എഞ്ചിനുകള്‍ കണ്ടെത്തിയത്. 

രണ്ടു എഞ്ചിനുകളും വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിരവധി വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലില്‍ ഒഴുകി നടക്കുകയാണ്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ മനുഷ്യ ജീവനുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു തിരച്ചില്‍ സംഘങ്ങള്‍ പോകാറുണ്ടെങ്കിലും നിരാശയാണ് ഫലം. 

തിങ്കളാഴ്ച്ച ലഭിച്ച കണക്കനുസരിച്ച് നാവികസേനയുടെ പതിനൊന്നു കപ്പലുകളും അഞ്ചു വിമാനങ്ങളും തീരസംരക്ഷണ സേനയുടെ പതിനൊന്നു കപ്പലുകളും മൂന്നു വിമാനങ്ങളും ' സഹായം ' എന്ന് പേരിട്ടിരിക്കുന്ന തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പനാജിക്കും തൂത്തുക്കുടിക്കും ഇടയില്‍ വിവിധ ഭാഗങ്ങളിലായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 

നാവികസേന മൃതദേഹങ്ങള്‍ എടുക്കുന്നില്ല എന്ന ആരോപണത്തെ തുടര്‍ന്ന് ചില കപ്പലുകളില്‍ തിരച്ചിലിന് മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിരം മത്സ്യബന്ധനം നടത്തുന്ന മേഖലകളുടെ വിവരം മത്സ്യത്തൊഴിലാളികള്‍ തീരസംരക്ഷണ സേനയുടെ കപ്പല്‍ സംഘത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. തങ്ങള്‍ പറഞ്ഞ സ്ഥലങ്ങളില്‍ ആണോ തിരച്ചില്‍ നടത്തുന്നത് എന്നറിയാന്‍ മത്സ്യത്തൊഴിലാളികളും കയ്യിലുണ്ടായിരുന്ന ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു. 

പതിമൂന്ന് നാള്‍ പിന്നിട്ടതിനാല്‍ ജീര്‍ണിച്ച നിലയില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ ദുര്‍ഗന്ധം വമിക്കാത്ത രീതിയില്‍ പ്രത്യേകം പൊതിഞ്ഞാണ് കപ്പലുകളില്‍ സൂക്ഷിക്കുന്നത്. ഉള്‍കടലില്‍ എത്തുന്ന കപ്പലില്‍ നിന്ന് തീരത്തേക്ക് മൃതദേഹം എത്തിക്കുന്നത് വിഴിഞ്ഞത്തെ തീര സംരക്ഷണ സേന ബോട്ട് ആയ സി. 427 ആണ്. കഴിഞ്ഞ ദിവസം തീരത്ത് എത്തിച്ച മൃതദേഹത്തിന് ആചാര സല്യൂട്ട് നല്‍കിയാണ് ജീവനക്കാര്‍ വിട നല്‍കിയത്.

അതേ സമയം വലിയൊരു ദുരന്തത്തിന്റെ പടിക്കല്‍ നിന്ന് തീരും പതിയെ പഴയ രൂപം കൈവരിച്ചു വരികയാണ്. വിഴിഞ്ഞം, ശംഖുമുഖം തീരങ്ങളില്‍ നിന്നും വീണ്ടും വള്ളങ്ങളിലും, കട്ടമരങ്ങളിലും മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ തിരിച്ചു തുടങ്ങി.