തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഇന്ന് 11 മൃതദേഹം കൂടി കരക്കെത്തിച്ചു.ബേപ്പൂര്‍, ചെല്ലാനം തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. കോഴിക്കോട് കടലിൽ നിന്ന് ഒമ്പതും തൃശ്ശൂരിലെ പെരിങ്ങനത്ത് നിന്ന് ഒരു മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്.കൊച്ചി ചെല്ലാനം തീരത്ത് ഒരു മൃതദേഹം അടിഞ്ഞു.

ഉൾക്കടിൽ മൃതദേഹങ്ങൾ ഇനിയുമുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. കാണാതായവരുടെ കണക്കിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ് കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ദുരിതാശ്വാസ നിധി സമാഹരണത്തിനും മുഖ്യമന്ത്രിയുടെ ആഹ്വാനമുണ്ട്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും വള്ളവും വലയും നഷ്‌ടമായവര്‍ക്ക് തത്തുല്യ തുക ധനസഹായം അനുവദിക്കാനുമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം പുനരധിവാസ പാക്കേജില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുഖ്യമന്ത്രിക്ക് നല്‍കി.

ഓഖി ധനസഹായം 25 ലക്ഷമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിലും സര്‍ക്കാര്‍ വീഴ്ചരുത്തിയെന്നാരോപിച്ച് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ ഉപവാസം നടത്തി.