തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. അഴീക്കോട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ഷാജി പീറ്റര്‍ (38), ബേപ്പൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം പുറവിളാകത്തുവീട്ടില്‍ സേവ്യര്‍ (44), ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച പൂവാര്‍ വാറുവിളത്തോപ്പ് സ്വദേശി പനിദാസന്‍ (63), മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കന്യാകുമാരി വിളവന്‍കോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ് (53), ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച തമിഴ്‌നാട് അഗസ്തീശ്വരം കോവില്‍ സ്ട്രീറ്റ് സ്വദേശി മൈക്കിള്‍ അമീന്‍ (37), എന്നിവരെയാണ് തിരിച്ചറിഞ്ഞത്.



മൃതദേഹങ്ങള്‍ ശനിയാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 3 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 2 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
