ദുരിത ബാധിതര്‍ക്കായി 128 കോടി രൂപ ചെലവിട്ടെന്ന് സർക്കാർ പറയുമ്പോഴും അടിയന്തര പ്രധാന്യമുളള കാര്യങ്ങള്‍ക്കല്ല തുക ചെലവിട്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ആശ്രിത നിയമന കാര്യത്തിലും പ്രതിസന്ധി തുടരുന്നു. കേന്ദ്രം വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് കിട്ടിയില്ലെന്നും സൂസപാക്യം കുറ്റപ്പെടുത്തി

തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ. ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക ചെലവിട്ടതു സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആവശ്യപ്പെട്ടു. ഓഖി ഫണ്ട് വിനിയോഗത്തെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ ശംഖുമുഖത്ത് ചേര്‍ന്ന ലത്തീന്‍ സഭ സമുദായ സംഗമമാണ് ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലുളള അതൃപ്തി പരസ്യമാക്കിയത്. ദുരിത ബാധിതര്‍ക്കായി 128 കോടി രൂപ ചെലവിട്ടെന്ന് സർക്കാർ പറയുമ്പോഴും അടിയന്തര പ്രധാന്യമുളള കാര്യങ്ങള്‍ക്കല്ല തുക ചെലവിട്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ആശ്രിത നിയമന കാര്യത്തിലും പ്രതിസന്ധി തുടരുന്നു. കേന്ദ്രം വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് കിട്ടിയില്ലെന്നും സൂസപാക്യം കുറ്റപ്പെടുത്തി.

ഓഖി ഫണ്ടിലുള്ള 47.73 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിത ബാധിതര്‍ക്കായി ഫിഷറീസ് വകുപ്പ് മാത്രം 78 കോടി രൂപ ചെലവിട്ടെന്നും ഭവനനിര്‍മാണം അടക്കമുളള കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു മന്ത്രി ജെമേഴ്സിക്കുട്ടിയമ്മയുടെ മറുപടി.