തിരുവനന്തപുരം: സര്‍ക്കാരിന്റെ സഹായം പറ്റിയ ശേഷം, ഓഖി രക്ഷാദൗത്യത്തില്‍ പങ്കെടുക്കാതിരുന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്‌സമെന്റ് പിടികൂടി. കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് പോയ ജര്‍വീസ് എന്ന ബോട്ടാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
ഈ മാസം 18 ന് രാത്രി കൊല്ലം തീരത്ത് നിന്ന് 25 ബോട്ടുകള്‍ ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലിനായി പുറപ്പെട്ടിരുന്നു. 4 ദിവസത്തേക്ക് 3000 ലിറ്റര്‍ ഡീസലും തൊഴിലളികള്‍ക്ക് ദിനംപ്രതി 800 രൂപ വീതവും ഓരോ ബോട്ടിനും സര്‍ക്കാര്‍ നല്‍കിയിരുന്നു. മറ്റ് 24 ബോട്ടുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തെരച്ചില്‍ നടത്തിയെങ്കിലും ജര്‍വീസ് എന്ന ബോട്ട് പകുതി വഴിക്ക് വച്ച് മുങ്ങി.
ഇതേത്തുടര്‍ന്നാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പൊലീസിന്റെ സഹായത്തോടെ ബോട്ട് പിടിച്ചെടുത്തത്. 5 ജീവനക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സഹായം വാങ്ങി മുങ്ങിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കും. കടലില്‍ കൂട്ടം തെറ്റിയതാണെന്ന് ബോട്ട് ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും മദ്യലഹരിയിലായിരുന്ന ഇവര്‍ മനപൂര്‍വം മുങ്ങിയതാണെന്നാണ് മറ്റ് ബോട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചത്. ഇവരുടെ ബോട്ടില്‍ നിന്ന് മത്സ്യമൊന്നും കണ്ടെത്തിയിട്ടില്ല. തന്റെ അറിവോടെയല്ല ജീവനക്കാര്‍ മുങ്ങിയതെന്നാണ് ബോട്ടുടമയുടെ വിശദീകരണം.
