ഭുവനേശ്വര്‍: സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി വിവാദത്തിൽ. ചെറുകിട വ്യവസായമന്ത്രി ജോഗേന്ദ്ര ബെഹ്റയാണ് പുലിവാല് പിടിച്ചത്.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിന് തൊട്ട് മുൻപ് വേദിയിലേക്ക് കയറവെയാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് ഒഡീഷ മന്ത്രിയും ബിജു ജനതാദഗൾ നേതാവുമായ ജോഗാന്ദ്ര ബെഹ്റ ചെരുപ്പിന്‍റെ വള്ളി കെട്ടിപ്പിച്ചത്. ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷൻ ചാനൽ പുറത്തുവിട്ടതോടെ വിവാദമായി. പ്രതിഷേധം ശക്തമായപ്പോള്‍ താനൊരു വിഐപിയാണെന്ന ന്യായീകരണമാണ് മന്ത്രി നൽകിയത്.

സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങളായതോടെ രാഷ്ട്രീയ വിവാദവുമായി. മന്ത്രിയെ പുറത്താക്കണമെന്നും പെരുമാറ്റം ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. ജോഗേന്ദ്ര ബെഹ്‍റയെ ബിജു ജനതാദൾ പിന്തുണച്ചു. പ്രായമായ ബെഹ്റയ്ക്ക് കാൽമുട്ടിന് പ്രശ്നമുണ്ടെന്നും ചെരിപ്പിന്‍റെ വള്ളികെട്ടാൻ മറ്റൊരാളും സഹായം ആവശ്യമാണെന്നുമായിരുന്നു പാർട്ടിയുടെ വിശദീകരണം