കാറിന്‍റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധം വാഹനം നിര്‍ത്താതെ ഉദ്യോഗസ്ഥന്‍

ലക്നൗ: ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ വാഹനത്തിന്‍റെ മുന്നില്‍ തൂങ്ങി പ്രതിഷേധിച്ച യുവാവുമായി വാഹനം ഓടിച്ചത് കിലോമീറ്ററുകള്‍. യുപിയിലെ ചെറിയ നഗരമായ ഈസ്റ്റേണ്‍ യുപിയിലാണ് സംഭവം. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന യുവാവ് വാഹനത്തിന്‍റെ ബോണറ്റില്‍ തൂങ്ങുകയായിരുന്നു. ഇയാളെ പിടിച്ച് മാറ്റുന്നതിന് പകരം കാറുമായി വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു ഓഫീസര്‍. 

വാട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് സംഭവത്തിന്‍റെ വീഡിയോ. ബുധനാഴ്ച ഒരു കൂട്ടം ഗ്രാമവാസികള്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ പങ്കജ് കുമാര്‍ ഗൗതമിനെ കാണാനെത്തിയിരുന്നു. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ടിന്‍റെ ഗഡു ആവശ്യപ്പെടാനാണ് ഇവരെത്തിയത്. കാത്തിരുന്ന് മടുത്ത പ്രദേശവാസികള്‍ ഓഫീസിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

എന്താണ് പ്രതിഷേധകരുടെ ആവശ്യമെന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ഓഫീസര്‍ പുറത്തിറങ്ങി കാറെടുത്ത് പോകാന്‍ തുടങ്ങുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതിഷേധകര്‍ കാര്‍ തടയാനായി ശ്രമിച്ചു. ഇതിനിടയില്‍ കാറെടുത്ത ഓഫീസറുടെ കാറിന് മുന്നിലേക്ക് ബ്രിജ് പാല്‍ എന്ന യുവാവ് ചാടി വീണ് കാറിന്‍റെ ബോണറ്റില്‍ തൂങ്ങുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ ഓഫീസര്‍ കാര്‍ നിര്‍ത്താതെ ഓടിച്ച് പോയത് നാല് കിലോമീറ്ററോളം ദൂരമാണ്. അപ്പോഴും ബ്രിജ് പാല്‍ കാറിന് മുന്നില്‍ തൂങ്ങി കിടക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.