ഇടുക്കി: സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ കയ്യേറ്റക്കാര്‍ ഓഫീസില്‍ തടഞ്ഞുവെച്ചു. മൂന്നാര്‍ ഇക്കാനഗറിലെ സ്പെഷ്യല്‍ ഓഫീലിലെ ഉദ്യോഗസ്ഥരെയാണ് രാഷ്ട്രീയക്കാരുടെ പിന്തുണയോടെ എത്തിയ കയ്യേറ്റക്കാര്‍ അരമണിക്കുറോളം തടഞ്ഞുവെച്ചത്.
ബുധനാഴ്ച രാവിലെ എംജി കോളനിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നതായി ഭൂസംരക്ഷണ സേനയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ നിര്‍മ്മാണം തടയുകയും കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ച സാമാഗ്രഹികള്‍ ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ കയ്യേറ്റക്കാര്‍ ഓഫിസിലെത്തി.
പണി ആയുധങ്ങള്‍ തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം ഓഫീസില്‍ നിന്നും പുറത്തിറങ്ങാന്‍ വിടില്ലെന്നും ഉദ്ദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തിയ കയ്യേറ്റക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചു. അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
