അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ 11 പേരെ കാറിടിച്ചും വെട്ടിയും പരുക്കേല്‍പിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു.  സൊമാലിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ അബ്‍ദുള്‍ അലി അര്‍ത്ഥാന്‍ ആണ് അക്രമി.

അമിത വേഗതയില്‍ കാറിലെത്തിയായിരുന്നു ആക്രമണം. സര്‍വ്വകലാശാലയുടെ സയന്‍സ്,എഞ്ചിനീയറിംഗ് ബ്ലോക്കുകള്‍ക്കടുത്തുള്ള റോഡിലെ നടപ്പാതയിലേക്ക് കാറുമായെത്തിയ അക്രമി കാല്‍നടയാത്രക്കാര്‍ക്ക്  മേല്‍ വാഹനം ഇടിച്ചു കയറ്റി. താഴെ വീണവരെ ഇറച്ചിവെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 2007 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സൊമാലിയ സ്വദേശി 18കാരനായ അബ്‍ദുള്‍ അലി അര്‍ത്താന്‍ ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.  കൊളംബസിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിയുടെ ഉദ്ദേശം എന്തായിരുന്നു എന്നത് ഇനിയും വ്യക്തമായിട്ടില്ല. തീവ്രവാദ സംഘടനകളുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേറ്റ് പൊലീസിനൊപ്പം എഫ്ബിഐയും അന്വേഷണമാരംഭിച്ചു.