ദോഹ: ഒപെക് രാജ്യങ്ങളില്‍ എണ്ണവില കഴിഞ്ഞ അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഉല്‍പാദന നിയന്ത്രണം തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് എണ്ണവില കുത്തനെ കുറഞ്ഞത്. നവംബര്‍ 30 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഉല്‍പാദന നിയന്ത്രണം പ്രാബല്യത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് എണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തുന്നത്. ആറു മാസത്തേക്ക് കൂടി നിയന്ത്രണം തുടരുമെന്ന് സൗദി അറേബ്യയും റഷ്യയും സൂചന നല്‍കിയിരുന്നെങ്കിലും ഇതൊന്നും വിപണിയില്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. യു.എസിലെ എണ്ണ ഉല്‍പാദനം വര്‍ധിച്ചതും വിപണിയിലെ എണ്ണ ലഭ്യത കുറയാത്തതുമാണ് വിലയിടിവിന് കാരണമായി പറയപ്പെടുന്നത്.

യു.എസില്‍ കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പത്തു ശതമാനം ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഉല്‍പാദന നിയന്ത്രണം ജൂണ്‍ മുതല്‍ ആറു മാസത്തേക്ക് കൂടി തുടരേണ്ട സാഹചര്യമാണുള്ളതെന്നും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടു വരികയാണെന്നും സൗദി അറേബ്യയിലെ ഒപെക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ചു ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണ്.

ജനുവരി മുതല്‍ മെയ് മുപ്പത് വരെയുള്ള ആറു മാസ കാലയളവില്‍ ഉല്‍പാദനം പ്രതിദിനം പതിനെട്ട് ലക്ഷം ബാരല്‍ കുറക്കാനായിരുന്നു നേരത്തെ ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ മുതലുള്ള ആറു മാസത്തേക്ക് കൂടി നിയന്ത്രണം തുടര്‍ന്നാല്‍ മാത്രമേ വില പിടിച്ചു നിര്‍ത്താന്‍ കഴിയൂ എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ഒപെക് ഉടന്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമാനത്തിലെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.