ഒമാനില്‍ ഇന്ധന വില കുത്തനെകൂട്ടി. എം 95 പെട്രോളിന് ലിറ്ററിന് 205 ബൈസയും , എം. 91 ഇന് 185 ബൈസയുമായി എണ്ണ പ്രകൃതി വാതക മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതിനു ശേഷം, പെട്രോള്‍ വിലയില്‍ ഏറ്റവും വലിയ വര്‍ധനവാണിത്.
2016 ജനുവരി പതിനെട്ടിന് ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുന്‍പ് വരെ സൂപ്പര്‍ പെട്രോളിന് 120 ബൈസയും, റെഗുലര്‍ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയും ആയിരുന്നു ലിറ്ററിന് വില. ഈ മാസം ഇത് എം 95 ഇരുനൂറ്റി അഞ്ചു ബൈസയും, എം 91 185 ബൈസയും ഡീസലിന് 211 ബൈസയുമായിരിക്കും ലിറ്ററിന് വില.
ഇന്ധന സബ്‌സിഡി പിന്‍വലിച്ചതിനു ശേഷം എണ്ണ വിലയിലുണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവ് ആണ് ഈ ഒക്ടോബര്‍ മാസത്തില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. എണ്ണ ഉപയോഗം കുറക്കുന്നത്തിനും, വിലക്കയറ്റത്തിനും നിരക്ക് വര്‍ദ്ധനവ് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, കമ്പോളത്തില്‍ വില വര്‍ദ്ധനവ് ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ജി സി സി രാജ്യങ്ങള്‍ നടത്തി വരുന്ന സാമ്പത്തികനയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലയില്‍ സബ്‌സിഡികള്‍ പിന്‍വലിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓരോ മാസവും വര്‍ധിച്ചു വരുന്ന ഇന്ധന വില, ജീവിത ചെലവ് ഉയരുവാന്‍ കാരണമാകുമെന്ന് ചൂണ്ടി കാണിക്കപെടുന്നു.
