ഓഖി ചുഴലിക്കാറ്റിൽ പരിക്കേറ്റ് അവശരായി കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോഴും പ്രഖ്യാപിച്ച ധനസഹായം കിട്ടിയിട്ടില്ല. സർക്കാരിൻറെ വാക്ക് വിശ്വസിച്ച് കഴിയുന്നവരിൽ ശരീരം തളർന്നു പോയവർ പോലും ഉണ്ട്.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പരിക്കേറ്റ് അവശരായി കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോഴും പ്രഖ്യാപിച്ച ധനസഹായം കിട്ടിയിട്ടില്ല. സർക്കാരിൻറെ വാക്ക് വിശ്വസിച്ച് കഴിയുന്നവരിൽ ശരീരം തളർന്നു പോയവർ പോലും ഉണ്ട്.
ഓഖി ദുരന്തത്തിൽ തീരങ്ങൾ വിറങ്ങലിച്ച് നിന്ന ദിവസം കടലിൽ പെട്ടവരെ തിരഞ്ഞുപോയതായിരുന്നു മൈക്കിൽ എന്ന മത്സ്യത്തൊഴിലാളി. കുറ്റൻതിരമാലകളിൽ വള്ളങ്ങൾ കൂട്ടയിടിച്ച് തലയ്ക്ക് ഗുരുതമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്നവർ ഒരു വിധം കരയ്ക്കെത്തിച്ച മൈക്കിൾ പീന്നീട് എഴുന്നേറ്റിട്ടില്ല. സംസാര ശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു. പരിക്കേറ്റവർക്ക് നൽകുമെന്ന് പറഞ്ഞിരുന്ന 5 ലക്ഷത്തിനായി മൈക്കിളും കുടുബവും കഴിഞ്ഞ 9 മാസമായി കാത്തിരിക്കുന്നു. ഇതുവരെ കിട്ടിയത് ആകെ ഇരുപതിനായിരം രൂപ.
ഇത് പൂന്തുറയിലെ ഒരു മുക്കുവന്‍റെ മാത്രം കഥയല്ല. ഫിഷറീസ് വകുപ്പിന്‍റെ കണക്കുപ്രകാരം ഓഖിയിൽ പരിക്കേറ്റ 49 പേരുണ്ട് പൂന്തുറയിൽ. പള്ളത്തും വലിയതുറയിലും പൂവാറിലും മൂന്ന് പേർ വീതം. വിഴിഞ്ഞത്തും പൊഴീയൂരും ഒരോരുത്തർ. ആരോടും സർക്കാർ കനിഞ്ഞിട്ടില്ല. പരിക്കേറ്റവർ മാത്രമല്ല, ദുരന്തത്തിന്‍റെ നടുക്കത്തിൽ പീന്നീട് ഒരിക്കലും കടലിൽ പോകാൻ പറ്റാത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ മാസങ്ങളായി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഖി ഫണ്ടിൽ ഇനിയും കോടികൾ ബാക്കിയുണ്ടെന്ന വാർത്തയിലാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ. സഹായം ഇനി അധികം വൈകില്ലെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
