കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിൽ സ്വതന്ത്ര അംഗം പ്രസിഡൻ്റായി. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം മുൻ നേതാവ് ഉല്ലാസ് കൃഷ്ണൻ, ബിജെപി സ്ഥാനാർത്ഥിയുമായി തുല്യവോട്ട് നേടിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്

കൊല്ലം: മൂന്ന് മുന്നണികളും ബലാബലം നിന്ന കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിൽ സ്വതന്ത്ര അംഗം പ്രസിഡൻ്റായി. യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായ ഉല്ലാസ് കൃഷ്‌ണൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. എൻഡിഎക്ക് മേൽക്കൈയുണ്ടായിരുന്ന പഞ്ചായത്തിൽ ആരെ 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് വീതം അംഗങ്ങളാണ് എൽഡിഎഫ്, യുഡിഎഫ് പക്ഷത്തുണ്ടായിരുന്നത്. ബിജെപിയുടെ എൻഡിഎക്ക് ആറ് അംഗങ്ങളുണ്ടായിരുന്നു. എന്നാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്നപ്പോൾ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച ഉല്ലാസ് കൃഷ്ണനും ബിജെപി സ്ഥാനാർത്ഥിക്കും ആറ് വീതം വോട്ട് ലഭിച്ചു. ഇതോടെ നറുക്കെടുപ്പ് നടത്തിയാണ് ഉല്ലാസ് കൃഷ്ണൻ പ്രസിഡൻ്റായത്.

എടവട്ടം വാർഡിൽ നിന്ന് മത്സരിച്ച ഉല്ലാസ് കൃഷ്ണൻ അവിസ്മരണീയ ജയമാണ് സ്വന്തമാക്കിയത്. ആകെ പോൾ ചെയ്ത 1109 വോട്ടുകളിൽ 967 വോട്ടും നേടിയാണ് ഉല്ലാസ് ജയിച്ചത്. സിപിഎം സ്ഥാനാർത്ഥിക്ക് 95 ഉം ബിജെപി സ്ഥാനാർത്ഥിക്ക് 25ഉം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 22 ഉം വോട്ടാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിക്കാതെ വന്നപ്പോഴാണ് ഉല്ലാസ് കൃഷ്ണനെതിരെ പാർട്ടിയിൽ പടയൊരുക്കം ഉണ്ടായത്. പിന്നീട് സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെയാണ് ഇക്കുറി ഒറ്റയ്ക്ക് മത്സരിക്കാൻ ഉല്ലാസ് കൃഷ്ണൻ തീരുമാനിച്ചത്. തൻ്റെ ജനപിന്തുണ വോട്ടെടുപ്പിലൂടെ തെളിയിച്ചാണ് പ്രസിഡൻ്റ് പദവിയിലേക്ക് ഉല്ലാസ് എത്തുന്നത്.