ആറ് മക്കളുള്ള വൃദ്ധമാതാവ് വീടിനു പുറത്ത് ഉറുമ്പരിച്ച നിലയില്‍

മാവേലിക്കര: ആറ് മക്കളുള്ള വൃദ്ധമാതാവ് വീടിനു പുറത്ത് ഉറുമ്പരിച്ച നിലയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുത്തു. 

കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മ (86) ആണ് മക്കളുടെ അവഗണനയില്‍ കഴിയുന്നത്. മൂന്ന് ആണും മൂന്ന് പെണ്ണുമടക്കം ആറുമക്കളാണ് ഭവാനിയമ്മയ്ക്കുള്ളത്. കല്ലുമലയിലെ ആറുസെന്റ് പുരയിടത്തിലെ വീട്ടില്‍ ഇളയമകനും മരുമകള്‍ക്കുമൊപ്പമാണ് കഴിഞ്ഞു വരുന്നത്. മകനും മരുമകളും പുറത്തു പോകുമ്പോള്‍ ഇവരെ വീടിനുള്ളില്‍ കയറ്റാതെ വീട്ടുപടിയില്‍ കിടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ജ്വാലയുടെ പ്രവര്‍ത്തകരും മാവേലിക്കര പൊലീസും എത്തുമ്പോള്‍ മൂഖത്തും ശരീരത്തിലും മലം പുരണ്ട നിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു. 

ജ്വാലയുടെ പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രീകല, എഎസ്‌ഐ മാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൃദ്ധമാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാലയുടെ പ്രവര്‍ത്തകര്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മക്കളോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്‌ഐ സി ശ്രീജിത്ത് പറഞ്ഞു.