റോഡ് വികസനത്തിന്‍റെ പേരില്‍ മുറിച്ചുമാറ്റാൻ തീരുമാനിച്ച കൂറ്റൻ ആല്‍മരത്തിന് യുവാക്കളുടെ കൂട്ടായ്മയില്‍ പുതുജീവൻ

മലപ്പുറം: റോഡ് വികസനത്തിന്‍റെ പേരില്‍ മുറിച്ചുമാറ്റാൻ തീരുമാനിച്ച കൂറ്റൻ ആല്‍മരത്തിന് യുവാക്കളുടെ കൂട്ടായ്മയില്‍ പുതുജീവൻ. മലപ്പുറം മാറഞ്ചേരിയില്‍ നിന്നാണ് പ്രകൃതി സ്നേഹത്തിന്‍റെ ഈ കാഴ്ച്ച.

പൊന്നാനി-ഗുരുവായൂര്‍ സംസ്ഥാന പാത വീതികൂട്ടാൻ തീരുമാനിച്ചതോടെയാണ് ഈ ആല്‍മരത്തിന് മരണമണി മുഴങ്ങിയത്. വര്‍ഷങ്ങളായി നൂറുകണക്കിന് ആളുകള്‍ക്ക് തണല്‍ നല്‍കിവന്നിരുന്ന ആല്‍മരം മുറിച്ചുമാറ്റാനുള്ള തീരുമാനം വലിയ വേദനയാണ് നാട്ടുകാര്‍ക്കുണ്ടാക്കിയത്. ഈ വേദന ഒരു കൂട്ടം യുവാക്കള്‍ ഏറ്റെടുത്തു. മുറിച്ചുകളായാതെ ആല്‍മരം സംരക്ഷിക്കാൻ ഇവര്‍ വഴിതേടി. ചെറുപ്പക്കാരുടെ നല്ല ഉദ്ദേശത്തിന് എല്ലാവരും പിന്തണച്ചു.

മണ്ണ് മാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ മരം പിഴുതെടുത്ത് പൊന്നാനി നിള പാര്‍ക്കില്‍ നട്ടു. മണ്ണുമാന്ത്രിയന്ത്രത്തിന്‍റേയും ക്രെയിന്‍റേയും വാടക അടക്കമുള്ള ചെലവുകളെല്ലാം വഹിച്ചത് നാട്ടുകാര്‍തന്നെ. മാറഞ്ചേരിയിലേതുപോലെ വൈകാതെ പൊന്നാനി നിളപാര്‍ക്കിലും നൂറുകണക്കിനാളുകള്‍ക്ക് ഈ ആല്‍മരം തണലേകുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാര്‍.