1952 മുതല്‍ കേരളവര്‍മ്മ കോളേജില്‍ പഠിച്ചത് അയ്യായിരത്തോളം കാഴ്ചാപരിമിതര്‍ പാട്ടും വര്‍ത്തമാനവും ചര്‍ച്ചയുമൊക്കെയായി ഒരു ദിവസം അവര്‍ ക്യാംപസിനെ വീണ്ടെടുത്തു

തൃശൂര്‍: ഒരിക്കല്‍ ജീവിതത്തിലെ ഇരുട്ടിലേക്ക് വെളിച്ചം പകര്‍ന്നുതന്ന പ്രിയപ്പെട്ട ക്യാംപസിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തിരിച്ചെത്തി. തങ്ങളെ കൈ പിടിച്ചുനടത്തിയ കൂട്ടുകാര്‍, അധ്യാപകര്‍, പഴയ മരത്തണലുകള്‍, ഇടനാഴികള്‍... എല്ലാം അവര്‍ അകക്കണ്ണ് കൊണ്ട് കണ്ടു. കേരളവര്‍മ്മ കോളേജില്‍ 1952 മുതല്‍ പഠിച്ച കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ത്ഥികളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയത്. വിദ്യാര്‍ത്ഥികളെന്ന വിലാസത്തില്‍ നിന്ന് പുതിയ വിലാസങ്ങളിലേക്കെത്തിയിരുന്നു എല്ലാവരും. 

എം.എ പൊളിറ്റിക്‌സും ബി.എഡുമുണ്ടായിട്ടും ലോട്ടറി വില്‍പനക്കാരനായി ഒതുങ്ങിക്കൂടേണ്ടി വന്ന, ഒരുകാലത്ത് കേരളവര്‍മ്മ ക്യാംപസിന്റെ പ്രിയപ്പെട്ട പാട്ടുകാരനായിരുന്ന വേലായുധന്‍... കോഴിക്കോട് ഫിലോസഫി അധ്യാപകനായ രഞ്ജിത്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗം വേണ്ടെന്നുവച്ച് കാഴ്ചാപരിമിതിയുള്ളവര്‍ക്കായി ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാമകൃഷ്ണന്‍, കേരളവര്‍മ്മയുടെ എം.എ പൊളിറ്റിക്‌സ് റാങ്ക് ജേതാവ് ടോബിയോ... അങ്ങനെ പോകുന്നു സംഗമത്തിലെത്തിയ പഴയ കൂട്ടുകാരുടെ പട്ടിക. 

അയ്യായിരത്തിലധികം കാഴ്ചാ പരിമിതിയുള്ളവരാണ് 1952 മുതല്‍ കേരളവര്‍മ്മയില്‍ പഠിച്ചത്. ഇവരില്‍ പൂര്‍ണ്ണമായും ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടവരുണ്ട്. കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ത്ഥികളോട് എന്നും കേരളവര്‍മ്മ ഒരു കരുതല്‍ കാത്തിരുന്നു. ആ കരുതലിന്റെ ബാക്കിയെന്നോണമാണ് ഇത്തരത്തിലൊരു ഒത്തുചേരല്‍ തീരുമാനിച്ചത്. ഡോ.കെ കൃഷ്ണകുമാരി, അധ്യാപകരായിരുന്ന എന്‍.ആര്‍ അനില്‍ കുമാര്‍, കെ.എം ഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

അപൂര്‍വ്വ സംഗമത്തിന് സാക്ഷിയാകാന്‍ നടന്‍ ഇന്ദ്രന്‍സും, നടനും കേരളവര്‍മ്മയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സുനില്‍ സുഗദയുമെത്തി. താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം ഓര്‍മ്മകള്‍ പടര്‍ന്ന് കിടക്കുന്ന ക്യാംപസിലൂടെ നടന്ന് ഹോസ്റ്റലിലെത്തി. പഴയ കാലത്തിലെന്ന പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പാട്ടും വര്‍ത്തമാനവും ചര്‍ച്ചയുമൊക്കെയായി വീണ്ടും ഒരു കോളേജ് കാലം കൂടി അനുഭവിച്ച് അവര്‍ മടങ്ങി.