പാലക്കാട്: വീടിനുള്ളില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായിലില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72),,ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. 

കൊലപാതക സമയത്ത് മകന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ മരുമകളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മരുമകള്‍ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

 വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട വിവരം സമീപവാസികളാണ് പുലര്‍ച്ചെ പോലീസിനെ അറിയിച്ചത്. അന്വേഷണത്തിനായി വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു. അതേ സമയം തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നു.

 കൊലപാതകവുമായി ബന്ധപ്പെട്ട് കുഴല്‍മന്ദം, കോട്ടായി, ആലത്തൂര്‍ പോലീസ് സ്‌റ്റേഷന്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വധഭീഷണിയുണ്ടെന്ന സ്വാമിനാഥന്റെ പരാതിയെ പിന്തുടര്‍ന്നാവും അന്വേഷണമെന്നാണ് വിവരം.