കാസര്‍കോഡ്: കാട്ടിയടുക്കത്തെ ദേവകിയെന്ന വ്യദ്ധയുടെ കൊലപാതകത്തില്‍ ഒരാഴ്ച്ചകഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒറ്റയ്ക്കു താമസിക്കുന്ന ദേവകിയെ കഴുത്തില്‍ മുണ്ട് മുറുക്കി കൊലപെടുത്തിയത്.
ദേവകിയുടെ കൊലപാതകവുമായി ബന്ധപെട്ട് നാട്ടില്‍ തന്നെയുള്ള ചിലരെയും ഇതരസംസ്ഥാനതൊഴിലാളികളും അടക്കം നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും കേസന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ല. ഇൻക്വസ്റ്റ് സമയത്ത് കിട്ടിയ മുടി ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
തനിച്ച് താമസിച്ചിരുന്ന ദേവകിയുടെ വീട്ടില്‍ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിന്‍റെ കാരണം കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പരിചയമുള്ളവരാകാം കൊലപാതകത്തിനു പിന്നിലെന്ന സംശയത്തില്‍ തന്നെയാണ് പൊലീസുള്ളത്. ദേവകിയുടെ ഫോൺവിളികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നു മക്കളുണ്ടെങ്കിലും ഏറെക്കാലമായി കാട്ടിയടുക്കത്തെ വീട്ടില്‍ ദേവകി തനിച്ചായിരുന്നു താമസിച്ചിരുന്നത്.
