കുടിശ്ശികയടക്കം വായ്പ മുഴുവന്‍ തിരിച്ചടച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഭൂമിയുടെയും വീടിന്റെയും പണയ രേഖകള്‍ തിരികെ ലഭിക്കാതെ വയോധികന്‍. കണ്ണൂര്‍ കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് വായ്പ തിരിച്ചടച്ചിട്ടും രേഖകള്‍ ലഭിക്കാതെ വലയുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെ രജിസ്‍ട്രേഷന്‍ ഫീസായി എഴുപതിനായിരം രൂപ കൂടി നല്‍കിയാല്‍ മാത്രമേ ബാലകൃഷ്ണന് വസ്തുവും വീടും തിരികെ കിട്ടൂ.

17 വര്‍ഷം മുന്‍പാണ് 20 സെന്‍റ് വസ്തുവും വീടും പണയപ്പെടുത്തി കണ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് ബാലകൃഷ്ണന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചെങ്കിലും കുടിശ്ശിക അടക്കാന്‍ തയ്യാറായതോടെ നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ബാങ്ക് ജോയിന്‍റ് രജിസ്ട്രാര്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ബാങ്ക് പണം സ്വീകരിക്കാതെ ഹൈക്കോടതിയെ സമീപിച്ചെന്ന് ബാലകൃഷ്ണന്‍ പറയുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവനുസരിച്ച് പലിശയുള്‍പ്പെടെ 3,91,455 രൂപ അടച്ച് ബാലകൃഷ്ണന്‍ കടംമുഴുവന്‍ വീട്ടിയെങ്കിലും രേഖകള്‍ ലഭിക്കാന്‍ രജിസ്‍ട്രേഷന്‍ ഫീസായി 70,000 രൂപ കൂടി നല്‍കണം.

ബാലകൃഷ്ണന്‍ വായ്പ തുക തിരിച്ചടച്ചതായും പണയ വസ്തു തിരികെക്കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

വായ്പത്തുകയുടെ ഇരട്ടി തിരിച്ചടച്ചിട്ടും രജിസ്‍ട്രേഷന്‍ ഫീസ് പരാതിക്കാരന്‍ വഹിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് ബാലകൃഷ്ണനെ കുഴയ്‌ക്കുന്നത്. സ്വന്തം ഭൂമി തിരികെ ലഭിക്കാനുള്ള കാത്തിരിപ്പ് ഇനിയും നീളുമോയെന്ന ദു:ഖത്തിലാണ് ബാലകൃഷ്ണന്‍ ഇപ്പോള്‍.