രാവിലെ നാലരയോടെയായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 90 വയസുകാരന്‍ രാഘവനെ കൂട്ടമായെത്തിയ നായ്ക്കള്‍ കടിച്ചു കുടഞ്ഞു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികില്‍സ നല്‍കിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

നായ്ക്കളുടെ കടിയേറ്റുണ്ടായ മുറിവുകളെല്ലാം ആഴത്തിലുള്ളതും മാരകവുമായിരുന്നു. രക്ത സമ്മര്‍ദവും താഴ്ന്നു. രണ്ട് തവണ ഹൃദയാഘാതമുണ്ടായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ വര്‍ക്കലയില്‍ തന്നെ പാപനാശത്ത് വിദേശിക്കും നായയുടെ കടിയേറ്റിരുന്നു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി രണ്ടര വയസുകാരിക്കും നായ്ക്കളുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പട്ടികടിച്ചത്. മുഖത്തും നെഞ്ചത്തും പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.