കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ 24 വൃദ്ധരെ ഉപേക്ഷിച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല സമയങ്ങളിലായി ചികിത്സയ്ക്ക് കൊണ്ട് വന്ന രോഗികളാണിവര്‍. 

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച സംഭവത്തിൽ ബന്ധുക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. ബന്ധുക്കള്‍ ഇല്ലാത്ത മുഴുവന്‍ പേരേയും പുനരധിവസിപ്പിക്കും. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ 24 വൃദ്ധരെ ഉപേക്ഷിച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല സമയങ്ങളിലായി ചികിത്സയ്ക്ക് കൊണ്ട് വന്ന രോഗികളാണിവര്‍. ഇവരില്‍ എട്ട് പേരെ ഇതിനകം തന്നെ വിവിധ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു. ബാക്കിയുള്ള പതിനാറ് പേരില്‍ പത്ത് പേര്‍ ചികിത്സ ആവശ്യമുള്ളവരാണ്.

ജില്ലയിലെ മറ്റ് ആശുപത്രികളില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. ബീച്ച് ആശുപത്രിയില്‍ അഗതികള്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

റെഡ്ക്രോസ്, ഹോം ഓഫ് ലവ്, തെരുവിന്‍റെ മക്കള്‍ എന്നീ സന്നദ്ധ സംഘടനകള്‍ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. പുനരധിവാസത്തിന് നേതൃത്വം നല്‍കാന‍് ജില്ലാ ലീഗര്‍ സര്‍വീസസ് അഥോറിറ്റിയേയും ജില്ലാ സാമൂഹ്യനീതി ഓഫീസറേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.