ഒറ്റ നോട്ടത്തില്‍ ഭീകരമായ കാഴ്ചയാണ് കൊല്ലം തീരത്ത് ഇപ്പോഴുള്ളത്. പടുകൂറ്റൻ മണ്ണുമാന്തിക്കപ്പല്‍ തീരത്ത് മണലില്‍ പുതഞ്ഞ നിലയിലായിട്ട് ഒരാഴ്ച കഴിഞ്ഞു. ശക്തമായ വേലിയറ്റത്തില്‍ പെട്ട് കപ്പല്‍ കഴിഞ്ഞ ദിവസം 15 ഡിഗ്രി ചരിഞ്ഞു. ഓരോ നിമിഷവും ഇപ്പോള്‍ കപ്പല്‍ ചരിഞ്ഞ് കൊണ്ടിരിക്കുകയാണ്. വേലിയറ്റം കാരണം കൂറ്റൻ തിരമാലകള്‍ വന്നിടിച്ചുള്ള ശബ്ദം തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. 65 ഡിഗ്രിക്ക് മുകളില്‍ കപ്പല്‍ ചരിഞ്ഞാല്‍ വൻ അപകടം ഉണ്ടാകും. ശക്തമായ തോതില്‍ തീരത്തേക്ക് വെള്ളം കയറും. 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടം കരയിലേക്ക് അടിയും.

കപ്പല്‍ കൊണ്ടുപോകാൻ ഹൈക്കോടതി അനുവാദം നല്‍കിയെങ്കിലും പോര്‍ട്ട് അധികൃതര്‍ സമ്മതിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. മുംബൈയിലെ ഒരു കന്പനിയുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മ്മിത കപ്പലായ ഹെന്‍സിതാ ഫൈവ് മൂന്ന് വര്‍ഷം മുന്പാണ് കൊല്ലത്തെത്തിയത്. വാടകത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഉള്‍ക്കടലിലായിരുന്ന കപ്പല്‍ കഴിഞ്ഞയാഴ്ചയാണ് കാറ്റിലും മഴയിലും കരയിലെത്തിയത്.