പാലക്കാട്: പാലക്കാട് മാത്തൂരിനടുത്ത് വൃദ്ധയെ കൊന്ന് ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തി. മാത്തൂർ സ്വദേശി ഓമനയുടെ മൃതദേഹമാണ് സമീപത്തെ വീട്ടിൽ കണ്ടെത്തിയത്.  പ്രതികളിലൊരാളായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇയാൾ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 

മാത്തൂരിനടുത്ത് കൂമൻകാട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം മുതൽ ഓമനയെ കാണാനില്ലെന്ന് പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വീടിനടുത്തുളള കൃഷിയിടത്തിൽ പോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. കൃഷിയിടത്തിന് സമീപത്തുളള ഒരു വീട്ടിലാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടുടമസ്ഥനായ ഷൈജുവിനെയും ബന്ധുവിനെയുമാണ് പൊലീസ് പിടികൂടിയത്.  

മദ്യലഹരിയിലായിരുന്ന ഷൈജുവും ഓമനയുമായി  കുടുബ കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടായി.  പ്രകോപിതനായ ഷൈജു ഓമനയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. അടിയേറ്റ് മരിച്ച ഓമനയുടെ മൃതദേഹം ചാക്കിൽക്കെട്ടി വീട്ടിലെത്തിച്ചു. കൃത്യത്തിന് ശേഷം ഷൈജു ഓമനയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണം വിൽക്കാൻ ശ്രമിച്ചു. കടയുടമയും നാട്ടുകാരും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ്  സംഭവം  പുറം ലോകമറിയുന്നത് . ഷൈജുവിനൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.