പുതിയ 200,50 നോട്ടുകള്‍ ഒഎല്‍എക്സിൽ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ വച്ചു. ഒരു പ്രത്യേക വിഭാഗത്തിന്‍റെ ഭാഗ്യ നമ്പറെന്ന് അറിയപ്പെടുന്ന 786 ല്‍ അവസാനിക്കുന്ന നമ്പറുകളുള്ള രണ്ട് നോട്ടുകളാണ് അനന്ത്നായര്‍ എന്ന തിരുവനന്തപുരം സ്വദേശി ഒഎല്‍എക്സിൽ ഇട്ടത്.

 പ്രൈസ് നെഗോഷ്യബിള്‍ ഫാന്‍സി നമ്പര്‍ 786 എന്ന തലക്കെട്ടോടെയാണ് തിരുവനന്തപുരം പാളയത്ത് നിന്നും അനന്ത് നായര്‍ എന്ന പ്രൊഫൈല്‍ പേരില്‍ നോട്ടുകള്‍ ഒഎല്‍എക്സില്‍ ഇട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് വിലയെന്നും കുറച്ച് കുറയുമെന്നും പരസ്യത്തില്‍ പറയുന്നു. ഞങ്ങള്‍ നോട്ടുകള്‍ ആവശ്യമുണ്ടെന്ന പേരില്‍ ഒഎല്‍എക്സില്‍ ചാറ്റ് ചെയ്തു. വലിയ വിലയല്ലേ എന്നും ഇപ്പോള്‍ കിട്ടുമോ എന്നും ചോദിച്ചപ്പോള്‍ കിട്ടുമെന്നായിരുന്നു മറുപടി. പിന്നീട് ഫോണ്‍നമ്പര്‍ ചോദിച്ചു. ഈ നമ്പറിലുള്ള നോട്ടുകള്‍ വില്‍ക്കാന്‍ വച്ചത് തന്നെയെന്ന് വ്യക്തം. ഏത് നോട്ടാണെങ്കിലും അതില്‍ ആലേഖനം ചെയ്തിരിക്കുന്നത് മാത്രമാണ് അതിന്‍റെ മൂല്യമെന്നും നോട്ട് ഉയര്‍ന്ന വില്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്ജ് പറഞ്ഞു.

ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ഭാഗ്യ നമ്പറായി കരുതപ്പെടുന്ന ഇത്തരം നമ്പറുള്ള നോട്ടുകള്‍ ഇതുപോലെ വ്യാപമായി വിറ്റഴിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും മേരി ജോര്‍ജ്ജ് പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമത്തിലെ 22 മുതല്‍ 26 വരെയുള്ള വകുപ്പ് പ്രകാരം നോട്ട് വില്‍ക്കുന്നത് കുറ്റകരമാണ്. നേരത്തെ മധ്യപ്രദേശില്‍ നോട്ട് വില്‍ക്കാന്‍ വച്ച സംഭവത്തില്‍ ഓഎല്‍എക്സിനെതിരെ ഒരു വിധി കോടതി പുറപ്പെടുവിപ്പിച്ചിരുന്നു.