ദില്ലി: ആധാര്‍ കാര്‍ഡ് വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിയുക്ക കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ബയോമെട്രിക് വിവരങ്ങൾ കൂടിയുണ്ടെങ്കിൽ വോട്ടറെ പെട്ടെന്ന് തിരിച്ചറിയാനാകുമെന്ന് റാവത്ത് പറഞ്ഞു. ഇക്കണോമിക് ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡും ബന്ധിപ്പിക്കുന്നതിനെ ഓം പ്രകാശ് റാവത്ത് പിന്തുണച്ചത്.
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചാൽ പോളിംഗ് ബൂത്തിൽ കയറുന്നതിന് മുന്പ് വിലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ വഴി വോട്ടറെ വേഗത്തിൽ തിരിച്ചറിയാനാകും. തെരഞ്ഞെടപ്പ് പ്രക്രിയ സുതാര്യമാക്കാൻ ഇത് ഉപകരിക്കുമെന്നും നിയുക്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ആധാറുമായി തിരിച്ചറിയൽ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് വോട്ടിംഗ് യന്ത്രത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.
ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ഒ പി റാവത്തിന്‍റെ പ്രതികരണം. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് സൈനികര്‍ വോട്ടു ചെയ്യുന്നതുപോലെ തപാൽ വോട്ട് പരിഗണനയിലുണ്ടെന്നും ഒ പി റാവത്ത് വ്യക്തമാക്കി. നാളെയാണ് അചൽ കുമാര്‍ ജോതിയിൽ നിന്ന് ഓം പ്രകാശ് റാവത്ത് ചുമതലയേൽക്കുന്നത്.
