ഒമാന്‍ റിയാലിന്‍റെ മൂല്യം ഇടിയുന്നതായുള്ള പ്രചാരണം നിഷേധിച്ച് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ അധികൃതർ.ചില ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ ഒമാന്‍ റിയാലിന്‍റെ മൂല്യം ഇടിയുന്നുവെന്നു ചില മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് മറുപടിയായിട്ടാണ് ഒമാൻ സെൻട്രൽ ബാങ്കിന്റെ ഈ നിലപാട് .

ആഗോളതലത്തിൽ സാമ്പത്തിക രംഗത്ത് അസ്വസ്ഥതകൾ ഉണ്ടായിട്ടും ഒമാനി റിയാലിന്റെ മൂല്യം ഇടിയുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹമൂദ് സൻഗൂർ അല്‍ സദ്‌ജാലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണയില്‍ ഏറ്റവും മൂല്യമുള്ള കറന്‍സികളില്‍ ഒന്നാണ് ഒമാന്റേതെന്നും അദ്ദേഹം പറഞ്ഞു . 1973 മുതല്‍ അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്ക് ഇടിവില്ലാതെ തുടരുകയാണ്.

ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നാണയങ്ങളുടെ നിരയിൽ ഒമാനി റിയാലിനെ നിലനിർത്തുവാനും ഈ ഘടകം സഹായകമായി. ഒമാന്‍റെ സാമ്പത്തിക മേഖല രാജ്യത്തിന്‍റെ കറന്‍സിയെ ശക്തിപ്പെടുത്തുന്നതാണ്.

ധനമിടപാട് നിരക്കും, വാങ്ങൽ രംഗവും ശക്കമാണെന്നും വാർത്താകുറിപ്പിൽ പറയുന്നു. വിദേശ നാണയങ്ങളുമായുള്ള ഇടപാടുകളില്‍ വ്യക്തമായ നയങ്ങളും, ബാങ്കിങ് നിലപാടുകളും കാത്ത് സൂക്ഷിക്കുന്ന ഒമാന്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായുള്ള ഇടപാട് നിരക്ക് ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.