മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവും സമാധാന അന്തരീക്ഷമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ അഞ്ചാമത്. ആഗോളതലത്തില്‍ ഈ പട്ടികയില്‍ ഒമാന്‍ 74ാം സ്ഥാനത്താണ്. ഐസ്‍ലാന്റ്, ഡെന്മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലന്റ് , പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. സമൂഹത്തിന്റെ സുരക്ഷിതത്വവും ഭദ്രതയും ആഭ്യന്തരവും അന്തര്‍ദേശീയവുമായ കുഴപ്പങ്ങള്‍ എന്നിവയാണ് മുഖ്യമായും പഠന വിധേയമാക്കിയത്. സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട 21 കാര്യങ്ങള്‍ പരിശോധിച്ചു. ആന്ത്യന്തര സംഘര്‍ഷം , അന്തര്‍ദേശീയ ബന്ധങ്ങള്‍, അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം, പൗരന്മാര്‍ക്കിടയിലെ ഭിന്നത, മൊത്തം ജനസംഖ്യയില്‍ വീടില്ലാത്തവരുടെ എണ്ണം, രാഷ്ട്രീയ അസ്ഥിരാവസ്ഥ, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, തടവുകാരുടെ എണ്ണം, കൊലപാതകങ്ങളുടെ എണ്ണം, അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍, രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ബജറ്റ് വിഹിതം തുടങ്ങിയ വിഷയങ്ങള്‍ പഠന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.