മസ്‌ക്കറ്റ്: ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്ന് രാജ്യത്തിന്റെ പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫീസ് നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഒരു ഒമാന്‍ റിയാലാണ് പുതിയ വര്‍ദ്ധനവ്. ജനുവരി മുതല്‍ 11 ഒമാനി റിയല്‍ ആയിരിക്കും ഫീസെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി വ്യക്തമാക്കി.
ഈ വര്‍ഷം ഇതു രണ്ടാമത് പ്രാവശ്യമാണ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ മസ്‌കറ്റ്, സലാല എന്നി എയര്‍പോര്‍ട്ടുകളില്‍ നിന്നുമുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് ബാധകമാകും.
ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് സെക്യൂരിറ്റി നിരക്ക് വഹിക്കേണ്ടതില്ല. ടിക്കറ്റ് നിരക്കിനോടൊപ്പമാണ് വര്‍ധിപ്പിച്ച ഫീസ് ഈടാക്കുക. ഇതുമൂലം പത്തു ദശലക്ഷം റിയാലിന്റെ അധിക വരുമാനമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
2015ലെ യാത്രക്കാരുടെ കണക്കു പ്രകാരം വര്‍ഷത്തില്‍ 100 ദശലക്ഷം ഒമാനി റിയാലിന്റെ അധിക വരുമാനമാണ് സര്‍ക്കാറിന് ലഭിക്കുന്നത്.
പുതിയ നിരക്ക് വര്‍ധനവിലൂടെ എയര്‍പോര്‍ട്ട് ചാര്‍ജ് ഒമാനി റിയാലായി ഉയരും.
10 ഒമാനി റിയാലാണ് ഇപ്പോള്‍ ഈടാക്കി വരുന്നത്. ഈ വര്‍ഷം മാര്‍ച്ച് 15ന് വന്ന ഉത്തരവ് പ്രകാരം എയര്‍പോര്‍ട്ട് സെക്യൂരിറ്റി നിരക്ക് പത്ത് റിയാലാക്കി ഉയര്‍ത്തുകയായിരുന്നു.
ജൂലൈ ഒന്ന് മുതലാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി തുടങ്ങിയത് . ഇതിനു മുന്‍പ് എട്ട് ഒമാനി റിയാലായിരുന്നു എയര്‍പോര്‍ട്ട് സെക്യൂരിറ്റി നിരക്ക്.
ഒമാന്‍എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി പുറത്തുവിട്ട കണക്കു പ്രകാരം ജനുവരി മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ മസ്‌ക്കറ്റ്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് ചാര്‍ജ് വര്‍ദ്ധനവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിലും അധിക വരുമാനമുണ്ടാക്കും. പുതിയ മസ്‌കറ്റ് എയര്‍പോര്‍ട് ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 2020ഓടെ കൂടി ഇരട്ടി വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
